ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പേരിലുള്ള സിജെപി പ്രതിഷേധത്തിന്റെ പേരിൽ അടച്ചിട്ട ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ ഉച്ചയോട് കൂടി തുറക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ഇല്ലെങ്കിൽ വിഷയത്തിൽ കോടതി ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി
മെട്രോ സർവീസുകൾ തടസ്സപ്പെട്ടതോടെ വക്കീലന്മാർക്കും കോടതി ജീവനക്കാർക്കും സമയത്തിന് എത്താൻ കഴിയാത്ത സാഹചര്യം സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കോടതി തിരിച്ചറിയൽ കാർഡുള്ള അഭിഭാഷകർക്കും ജീവനക്കാർക്കും കൃത്യമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം സുപ്രീം കോടതി മെട്രോ സ്റ്റേഷനിലൂടെ പുറത്തുകടക്കാൻ അനുമതി നൽകണമെന്നാണ് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടത്.
വിഷയം മെട്രോ അധികൃതരുമായി ചർച്ച ചെയ്യാൻ സുപ്രീംകോടതി ഭരണവിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ജന്തർ മന്തറിൽ സിജെപി സമരം ശക്തമായ പശ്ചാത്തലത്തിൽ സുപ്രീം കോടതി സ്റ്റേഷൻ അടക്കം 16 മെട്രോ സ്റ്റേഷനുകളാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഡൽഹി മെട്രോ താത്കാലികമായി അടച്ചുപൂട്ടിയത്.